അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ കുമാറെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. കനയ്യയെപ്പോലുള്ള യുവാക്കളുടെ വരവ് ദേശീയ തലത്തിൽ പാർട്ടിക്ക് ഊർജം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തന്നോട് പാർട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നെന്നും ബീഹാർ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. അതേസമയം കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത് സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു.
ഇതിനിടെ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.
താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവർ മൂവരുടെയും ചിത്രം രാഹുൽ ഗാന്ധിക്ക് നൽകിയെന്നും കനയ്യ പറയുന്നു. ബിജെപിക്ക് കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.