ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ നിന്നുള്ള രാജി തുടരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവിനെയാണോ യുവ നേതാവിനെയാണോ പരിഗണിക്കേണ്ടത് എന്നതിലും കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല.
ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെയാണ് പാര്‍ട്ടി നേതൃത്വത്തിന് രാജി നല്‍കിയത്. എന്നാല്‍ സിന്ധ്യയുടെ രാജിക്കത്ത് ലഭിച്ചത് സംബന്ധിച്ച് എ.ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് കേശവ് ചന്ദ് യാദവും രാജിവെച്ചിരുന്നു. ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്ത് കൊണ്ടെഴുതിയ രാജിക്കത്തില്‍ കേശവ് ചന്ദ് വ്യക്തമാക്കി.
അതേസമയം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതില്‍ പാര്‍ട്ടിയിലുള്ള ആശയക്കുഴപ്പം തുടരുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വര്‍ക്കിങ് കമ്മിറ്റി എന്ന് ചേരണമെന്ന് സംബന്ധിച്ച് പോലും പാര്‍ട്ടിയില്‍ ഇനിയും തീരുമാനമായിട്ടില്ല. യുവ നേതാക്കളില്‍ ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒരു വശത്ത് ഉയരുമ്പോള്‍, മറുവശത്ത് പരിചയസമ്പന്നരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഖെ പോലുള്ളവരെ പരിഗണിക്കണമെന്നാണ് ആവശ്യം.