കോടതി വിധികള്‍ നടപ്പാക്കുന്നതിലെ അലംഭാവത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി. ശബരിമല വിഷയത്തില്‍ ഇന്നലെ പുറപ്പെടുവിച്ച വിയോജന വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍.എഫ് നരിമാനാണ് സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായത്. കോടതി വിധി കളിക്കാനുള്ളതല്ല, നടപ്പാക്കാന്‍ വേണ്ടിയുള്ളതാണെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും നരിമാന്‍ പറഞ്ഞു.
കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നരിമാന്‍ സുപ്രീംകോടതിയില്‍ പൊട്ടിത്തെറിച്ചത്. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി താങ്കളെപ്പോലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണെന്ന് ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് പറഞ്ഞു. അത് വായിച്ചുനോക്കണം. കളിക്കാന്‍ വേണ്ടിയല്ല വിധി പുറപ്പെടുവിക്കുന്നത്. ഇത് നിലനിൽക്കുന്ന ഉത്തരവാണ്. നടപ്പാക്കാനുള്ള ഉത്തരവാണെന്ന് താങ്കളുടെ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും ബോധിപ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്‍ തുഷാര്‍ മെഹ്തയോട് ആവശ്യപ്പെട്ടു.
അതിനിടെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത നിയമോപദേശം നല്‍കി. ഏഴംഗ ബഞ്ച് ഭരണഘടനാ പ്രശ്നങ്ങളില്‍ തീര്‍പ്പ് കല്പിക്കും വരെ യുവതികളെ കയറ്റേണ്ട. യുവതികള്‍ക്ക് പ്രവേശനം നല്‍കിയ നേരത്തെയുള്ള വിധി നിലനില്‍ക്കുമോയെന്ന കാര്യത്തിലെ അവ്യക്തത തുടരുകയാണെന്നും ജയ്ദീപ് ഗുപ്തയുടെ നിയമോപദേശത്തിലുണ്ട്.