India National

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം വരുന്നു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ല. ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കും നിരോധനം വരും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പുറത്തിറക്കി.

കേന്ദ്ര സര്‍ക്കാരിന്റെ ‘ഈറ്റ് റൈറ്റ്’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ജങ്ക് ഫുഡ് നിരോധിക്കുന്നത്. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍ പരിഗണിച്ചാണ് നീക്കം. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, ബര്‍ഗര്‍, പീസ, ചിപ്സ്, സമൂസ, പാക്ക് ചെയ്ത സ്നാക്ക്സ്, ചോക്ലേറ്റ്, കുക്കീസ് തുടങ്ങിയവയെല്ലാം ജങ്ക് ഫുഡിന്റെ പരിധിയില്‍ വരും.

സ്കൂള്‍ കാന്റീനിലോ 50 മീറ്റര്‍ പരിസരത്തെ സ്ഥാപനങ്ങളിലോ ഇത്തരം ഭക്ഷണങ്ങള്‍ വില്‍ക്കാനാവില്ല. ഇത്തരം വസ്തുക്കളുടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനും നിരോധനമുണ്ട്. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് മീറ്റുകള്‍ക്കും ഉത്തരവ് ബാധകമാകും. അടുത്ത വര്‍ഷം 2020ഓടെ നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് 2015ല്‍ ഡല്‍ഹി ഹൈക്കോടതി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.Junk Food