ബി.ജെ.പി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇപ്പോഴത്തെ വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയെ അധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരെത്തെ തന്നെ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറുന്ന പശ്ചാത്തലത്തിലാണ് ബി.ജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നേരത്തെ നിശ്ചയിച്ചത് പോലെ അംഗത്വ വിതരണവും സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച ശേഷമാണ് ദേശീയ അധ്യക്ഷനെ നിശ്ചയിക്കുന്നത്. അതുവരെ അമിത് ഷാ അധ്യക്ഷ പദവിയിൽ തുടരട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ, ജനറൽ സെക്രട്ടറിമാർ പ്രധാന, സംസ്ഥാന അധ്യക്ഷൻമാർ തുടങ്ങി നേതാക്കളെല്ലാം നാളെ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 12 മണി വരെ നാമ നിർദേശ പത്രിക സമർപ്പണം ഒരു മണി വരെ സ്ക്രൂട്ടിനി, രണ്ട് മണി വരെ പത്രിക പിൻവലിക്കാനുള്ള അവസരം എന്നിങ്ങനെയാണ് നടപടി ക്രമങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് പ്രഖ്യാപനം.
ഈ മാസം 22നാണ് ജെ പി നദ്ദ അധ്യക്ഷനായി ചുമതല ഏൽക്കുക. അമിത് ഷായുടെ വിശ്വസ്തൻ ഭൂപേന്ദ്ര യാദവ് വർക്കിംഗ് പ്രസിഡന്റ് ആയേക്കും.