സത്യം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ രാജിവെച്ചു. മീററ്റിൽ ശനിയാഴ്ച നടന്ന കർഷക മാർച്ചിന്റെ വേദിയിൽ വെച്ചാണ് രക്ഷിത് സിംഗ് എന്ന റിപ്പോർട്ടർ തന്റെ രാജി പ്രഖ്യാപിച്ചത്.
” എനിക്ക് ഈ ജോലി ആവശ്യമില്ല. സത്യം പറയണമെന്നത് കൊണ്ടാണ് ഞാൻ ഈ ജോലി ചെയ്തിരുന്നത്.” അദ്ദേഹം പറഞ്ഞു. രക്ഷിതിന്റെ രാജി പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
രാഷ്ട്രീയ ലോക് ദൾ സംഘടിപ്പിച്ച കർഷക റാലിയിൽ പാർട്ടി നേതാവ് ജയന്ത് ചൗധരിയും കർഷകരെ അഭിസംബോധന ചെയ്തിരുന്നു.
” കഴിഞ്ഞ മൂന്നു മാസം ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ,സർക്കാരിനെ നേരിയ തോതിൽ പോലും വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധപ്പെടുത്തിയില്ലെങ്കിൽ,ചില കാര്യങ്ങൾ തോന്നാൻ ബാധ്യസ്ഥനാവുകയാണ് ” – രക്ഷിത് പറഞ്ഞു.
” പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്യാൻ തങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ഒഴിവാക്കേണ്ട അവസ്ഥയാണ്. എനിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമാണ്” – തീരുമാനം വിശദീകരിച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തങ്ങളുടെ ബ്രാൻഡിനെ അപകീർത്തിപ്പെടുത്തി ഒരു റിപ്പോർട്ടർ ജോലി വിട്ടു പോകുന്നതിൽ എ.ബി.പി ന്യൂസ് അതിയായ ഖേദവും നടുക്കവും രേഖപ്പെടുത്തി.