India National

ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു; പ്രതിവർഷം താഴുന്നത് 2.5 ഇഞ്ചെന്ന് പഠനം

ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു എന്ന് പഠന റിപ്പോർട്ട്. പ്രതിവർഷം 2.5 ഇഞ്ച് താഴുന്നു എന്നാണ് റിപ്പോർട്ട്. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസങ്ങിന്റേതാണ് റിപ്പോർട്ട്. രണ്ടു വർഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്. 

ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രദേശത്ത് പാറപൊട്ടിക്കൽ നടക്കുന്നുണ്ടെന്നും, ഈ പ്രദേശം വളരെ സെൻസിറ്റീവ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഭൗമപ്രതിഭാസത്തിന്റെ ഭീതിയിൽ തുടരുന്ന ഉത്തരഖണ്ഡ്‌ലെ ജോഷിമഠിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുകയാണ്. അപകട ഭീഷണിയെ തുടർന്ന് അധികൃതർ പൊളിച്ചു നീക്കാൻ ആരംഭിച്ച ഹോട്ടൽ മലരി ഇന്നിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. അമ്മമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അറസ്റ്റ് വരിക്കാനും തയ്യാറാണെന്ന് സമരക്കാർ വ്യക്തമാക്കി. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനും കുടി ഒഴിപ്പിക്കലിനും മുൻപ് നഷ്ട പരിഹാരം സംബന്ധിച്ച് അധികൃതരിൽ നിന്നും കൃത്യമായ ഉറപ്പ് ലഭിക്കണമെന്നും, ഉള്ളജീവനമാർഗം നഷ്ടപ്പെടുന്നവർക്ക് അത് ഉറപ്പാക്കാൻ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതിനിടെ, അപകട മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടി തുടരുകയാണ്. വിള്ളലുകൾ വീണ വീടുകൾ കണ്ടെത്തി മാർക്ക് ചെയ്യുന്നതും പുരോഗമിക്കുന്നു. അതേ സമയം വീടുകളിൽ പുതിയ വിള്ളലുകൾ കണ്ടെത്തിയ കർണ പ്രയാഗ്, നൈനിറ്റാൾ എന്നീ മേഖലകളിൽ ജില്ല അധികൃതർ പരിശോധന നടത്തും.