India National

വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി; മൂന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി. വാഹന വിപണിയില്‍ ജോലി ചെയ്തിരുന്ന മൂന്നര ലക്ഷത്തോളം പേര്‍ക്ക് ഈ വര്‍ഷം ഏപ്രിലിന് ശേഷം തൊഴില്‍ നഷ്ടമായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളില്‍ ആറ് ശതമാനത്തോളം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാന്ദ്യം രൂക്ഷമായതോടെ പല വാഹന നിര്‍മ്മാതാക്കളും ഫാക്ടറികള്‍ ദിവസങ്ങളോളം അടച്ചുപൂട്ടാനും ഷിഫ്റ്റുകള്‍ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കള്‍, വാഹനങ്ങളുടെ പാര്‍ട്സ് നിര്‍മ്മിക്കുന്ന കമ്പനികള്‍, ഡീലര്‍മാര്‍ എന്നിവര്‍ ഏപ്രില്‍ മുതല്‍ മൂന്നര ലക്ഷത്തോളം തൊഴിലാളികളെയാണ് പിരിച്ച് വിടാന്‍ നിര്‍ബന്ധിതമായതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ ബൈക്ക് നിര്‍മ്മാണ കമ്പനികള്‍ പതിനയ്യായിരത്തോളം പേരെയും മറ്റ് വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഒരു ലക്ഷം പേരെയും പിരിച്ച് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രമുഖരായ പല വാഹന നിര്‍മ്മാതാക്കളും നിലവിലെ പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നതും ഈ സാഹചര്യത്തിലാണ്.

ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ യമഹ, വാലിയോ സുബ്രോസ് എന്നീ കമ്പനികള്‍ വാഹന വില്‍പ്പന കുറഞ്ഞതോടെ 1700ഓളം ജോലിക്കാരെ പിരിച്ചുവിട്ടു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളില്‍ ആറ് ശതമാനത്തോളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഹോണ്ട, ടാറ്റ മോട്ടോര്‍സ്, മഹിന്ദ്ര, എന്നീ കമ്പനികള്‍ പലയിടത്തും ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്. യാത്ര വാഹനങ്ങളുടെ വില്‍പ്പന മാസങ്ങളായി ഇടിവിലാണെന്നും 30 ശതമാനത്തോളം വരെയാണ് കുറവുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ ജി.ഡി.പിയുടെ ഏഴ് ശതമാനം വാഹന വിപണിയില്‍ നിന്നുള്ള സംഭാവനയാണെന്നിരിക്കെ പ്രതിസന്ധി വലിയ പ്രത്യാഘാതം ഉണ്ടാക്കുമോയെന്നതാണ് ആശങ്ക. ജി.ഡി.പി വളര്‍ച്ച ലക്ഷ്യം പുതിയ വായ്പ അവലോകനത്തിലും കുറക്കേണ്ടി വന്നതും സാഹചര്യം മോശമാകുന്നുവെന്നതിന്‍റെ സൂചനയാണ്.