വി.സി രാജിവക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഉറച്ച് ജെ.എന്‍.യു വിദ്യാർഥി യൂണിയൻ. ഹോസ്റ്റൽ ഫീസ് വർധന പൂർണ്ണമായി പിൻവലിക്കണമെന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. എ.ബി.വി.പി അക്രമ സംഭവങ്ങളിൽ പൊലീസ് നടത്തുന്നത് അജണ്ട യോടെയുള്ള രാഷ്ട്രീയ അന്വേഷണമാണെന്നും ജെ.എന്‍.യു.എസ്.യു വിമർശിച്ചു.
ഒരു വിട്ടുഴ്ചക്കും തയ്യാറല്ല ജെ.എന്‍.യു വിദ്യാർത്ഥികൾ. വി.സി രാജവെക്കണം, ഹോസ്റ്റൽ ഫീസ് വർധന പൂർണ്ണമായി പിൻവലിക്കണം എന്നീ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. എം.എച്ച്.ആര്‍.ഡിയുമായുള്ള ചർച്ചയിലും ഇതു തന്നെയാണ് വിദ്യാർത്ഥികൾ ആവർത്തിച്ചത്. ഒരു ഉറപ്പും ഇക്കാര്യങ്ങളിൽ രേഖാമൂലം നൽകാൽ എം.എച്ച്.ആര്‍.ഡി തയ്യാറായിട്ടില്ല. അതേസമയം ആറാം ദിവസത്തിലേക്ക് കടന്നിട്ടും എ.ബി.വി.പി ആക്രമണത്തിൽ ഒരാളെ പോലും പോലീസ് പിടികൂടിയിട്ടില്ല.
മാത്രമല്ല അക്രമങ്ങൾക്ക് പിന്നിൽ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷും പ്രതിഷേധക്കാരും ആണെന്ന് ഒമ്പത് ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് പൊലീസ് പറയുന്നു. പൊലീസ് സംസാരിക്കുന്നത് വി.സി യുടെ ശബ്ദമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പൊലീസിന്‍റെ പ്രസ്താവന ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ അന്വേഷണമാണ് എന്നതിന് തെളിവാണ്. ഇടതുപക്ഷ വിദ്യാർത്ഥികളെ ആക്രമണ കേസുകളിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എ.ബി.വി.പിയും സ്റ്റേറ്റ് മെഷിനറികളും തമ്മിലുള്ള ലജ്ജാകരമായ കൂട്ടുകെട്ടിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് എന്നും വിദ്യാർത്ഥി യൂണിയൻ വിമർശിച്ചു. അതിനാൽ ഈ വിഷയത്തിൽ പിന്തുണയ്ക്കുന്ന എല്ലാവരെയും ചേർത്തുനിർത്തി പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.