India National

ജെ.എന്‍.യുവിലെ അക്രമം ബി.ജെ.പിയുടെ ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍

ജെ.എൻ.യു.വിലെ എ.ബി.വി.പി ആക്രമണം ആസൂത്രിതവും ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയുമായിരുന്നു എന്ന് വിദ്യാർത്ഥികൾ. ഇത് സംബന്ധിച്ച ചിത്രങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടുകയും ബി.ജെ.പി ലക്ഷ്യമിട്ടിരുന്നതായും ആരോപണമുണ്ട്.

ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ പ്രതിഷേധം തുടർന്ന വിദ്യാർഥികൾക്ക് എതിരായി കഴിഞ്ഞ രണ്ട് ദിവസമായി എ.ബി.വി.പി ക്രൂരമായ അക്രമം ആണ് അഴിച്ചുവിടുന്നത്. അന്നെല്ലാം പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്ന വിദ്യാർഥികൾ പറയുന്നു. ‘യൂണിറ്റി എഗെനിസ്റ്റ് ലഫ്റ്റ്, എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു ആക്രമണം സംബന്ധിച്ച് ആശയവിനിമയം നടത്തിന്റെ സ്ക്രീൻ ഷോട്ടുകളും വിദ്യാർഥികൾ പുറത്തുവിട്ടു. ബി.ജെ.പി നേതാക്കൾക്കും ഇത് സംബന്ധിച്ച് അറിയാമായിരുന്നു എന്ന് സംഭവസ്ഥലത്തെത്തിയവർ പറയുന്നു.

അക്രമം നടക്കുമ്പോൾ സർവകലാശാലയ്ക്ക് അകത്തും പുറത്തുമായി പാർക്ക് ചെയ്തിരുന്ന കാറുകളിൽ പലതിലും ബി.ജെ.പിയുടെ വി.ഐ.പി സ്റ്റിക്കറുകൾ ഉണ്ടായിരുന്നു. മാത്രമല്ല ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിന്റെ പോസ്റ്ററുകളും കാറുകളിൽ പതിച്ചിരുന്നു. ഒരേ സമയം ഇത്രയും കാറുകൾ എത്തിയിട്ടും സർവകലാശാലാ അധികൃതർ നടപടി സ്വീകരിക്കാതിരുന്നത് മൗനാനുവാദം നൽകൽ ആയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. കാമ്പസ് സന്ദർശിച്ച നേതാക്കളും ഇത് ശരിവയ്ക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ഷഹീൻ ബാഗ് NH 24 ഉടൻ ഒഴിയാൻ പൊലീസ് പ്രതിഷേധക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ പ്രതിഷേധക്കാരെ ബലമായി ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം എന്നും വിദ്യാർത്ഥികൾ സംശയിക്കുന്നു.