India National

ജെ.എന്‍.യു; ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആഫ്രിക്കന്‍ അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

അതേസമയം രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.

കുത്തനെ വര്‍ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധത്തെ നേരിടാന്‍ പാര്‍ലമെന്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1200ലേറെ പൊലീസുകാരെയാണ് പാര്‍ലമെന്റ് പരിസരത്ത് നിയോഗിച്ചത്.