എ.ബി.വി.പിയുടെ ഗുണ്ടായിസത്തിനെതിരായ ജെ.എൻ.യു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എ.ബി.വി.പി ആക്രമണത്തിന് ഒത്താശ ചെയ്ത വി.സി രാജിവെക്കണം എന്നതാണ് വിദ്യാർഥികൾ ഉയർത്തുന്ന പ്രധാന ആവശ്യം.
ഹോസ്റ്റൽ മാനുവലിനെതിരെ വിദ്യാർഥി യൂണിയൻ ഇന്നലെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നിശ്ചയിച്ചിരുന്ന മാർച്ച് മാറ്റിവെച്ചിരുന്നു. നാളെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥി യൂണിയന്റ തീരുമാനം. അതേസമയം ആക്രമണം അഴിച്ചു വിട്ടത് ഇടത് സംഘടനാ പ്രവർത്തകരാണ് എന്ന് ആരോപിച്ചുള്ള എ.ബി.വി.പി പ്രതിഷേധവും തുടരുകയാണ്.
പ്രതിഷേധം ശക്തമായതോടെ അക്രമം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. പൊലീസിനോട് റിപ്പോർട്ട് തേടിയ ആഭ്യന്തര മന്ത്രി അമിത് ഷാ സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്താൻ ലഫ്റ്റനന്‍റ് ഗവർണർക്ക് നിർദ്ദേശം നൽകി. അതേസമയം ജെ.എന്‍.യുവിലെ അതിക്രമത്തില്‍ ഒരാളെപ്പോലും പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തില്ല.