മലയാളി വിദ്യാര്‍ഥികളാല്‍ ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക. ബാപ്സ-ഫ്രട്ടേണിറ്റി മൂവ്മെന്‍റ് സഖ്യ സ്ഥാനാര്‍ഥി വസീം ആര്‍.എസും എബി.വി.പി സ്ഥാനാര്‍ഥി ശബരീഷ് പി.എയുമാണ് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നവര്‍. ഇതിന് പുറമെ കൌണ്‍സിലര്‍ സീറ്റുകളിലേക്ക് അഞ്ച് മലയാളി വിദ്യാര്‍ഥികളും മത്സരരംഗത്തുണ്ട്. ഈ മാസം ആറിനാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള കാന്പസില്‍ ഇത്തവണ പക്ഷെ മലയാളി സാന്നിധ്യം ശക്തമാണ്. ഏഴ് മലയാളി വിദ്യാര്‍ഥികളാണ് ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
രണ്ട് പേര്‍ ജനറല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ അഞ്ച് പേര്‍ വിവിധ പഠന വകുപ്പുകളിലെ കൌണ്‍സിലര്‍ പോസ്റ്റുകളിലാണ് മത്സരിക്കുന്നത്. ദേശീയ രാഷ്ട്രീയം ഏറെ ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പാണ് ജെ.എന്‍.യുവിലേത്. കാലങ്ങളായി ഇടത് സംഘടനകള്‍ക്ക് മേല്‍ക്കയ്യുള്ള കാമ്പസില്‍ ഇത്തവണ പക്ഷെ അംബേദ്കറൈറ്റ് മുസ്‍ലിം രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സംഘടനകളും മുന്നണികളും കൂടി മത്സരരംഗത്തുണ്ട്. അത്തരമൊരു മുന്നണിയായ ബാപ്സ ഫ്രട്ടേണിറ്റി മൂവ്മെന്‍റിന്‍റ് സഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായാണ് കോഴിക്കോട് സ്വദേശിയായ വസീം ആര്‍.എസ് മത്സരിക്കുന്നത്.
എതിര്‍ സ്ഥാനാര്‍ഥികളിലൊരാളായി എത്തുന്ന ശബരീഷ് പി.എയും മലയാളീ വിദ്യാര്‍ഥിയാണ്. വലതുപക്ഷ സംഘടനയായ എബിവിപിയുടെ സ്ഥാനാര്‍ഥിയാണ് ശബരീഷ്. ഇതിന് പുറമെ കൌണ്‍സിലര്‍ പോസ്റ്റുകളിലേക്ക് മത്സരിക്കുന്ന അനഘ പ്രദീപ്, സ്മിത സാബു, കൃഷ്ണപ്രിയ എ.ആര്‍ എന്നിവര്‍ ഇടത് സഖ്യത്തിന്‍റെ സ്ഥാനാര്‍ഥികളാണ്. ഇവര്‍ക്ക് പുറമെ കൌണ്‍സിലര്‍ പോസ്റ്റുകളിലേക്ക് മത്സരിക്കുന്ന എന്‍.എസ് യു.ഐ- എം.എസ്.എഫ് സഖ്യ സ്ഥാനാര്‍ഥികളായ വിഷ്ണുപ്രസാദ് കെ, ഇഹ്സാനുല്‍ ഇഹ്തിഷാം എന്നിവരും ഇത്തവണത്തെ മലയാളി സാന്നിധ്യമാണ്. ഒരേ നാട്ടുകാരാണെങ്കിലും ഇവര്‍ക്കിടെയിലെ രാഷ്ടീയ വിയോജിപ്പുകള്‍ അതിശക്തമാണ്.