ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും ക്യാമ്പസിലെത്തി. ക്യാമ്പസിനകത്തെ ക്രൂരമായ ആക്രമണത്തിന് പൊലീസും കൂട്ടുനിന്നതായി ജെ.എൻ.യു വിദ്യാർഥികളെ ഉദ്ധരിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസിലും വന്‍ ജനക്കൂട്ടമാണുള്ളത്.
ആക്രമത്തിനിടെ ചോരയിൽ കുളിച്ച ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ അവസാന പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. ഞങ്ങളെ ക്രൂരമായാണ് മർധിച്ചത്. മുഖം മൂടിധരിച്ചെത്തിയ ഗുണ്ടാ സംഘം ആയുധങ്ങളുമായാണ് അക്രമിച്ചത്. സംസാരിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഐഷി ഘോഷ് പറഞ്ഞു. ഐഷി ഘോഷിന്റേതുൾപ്പടെ രണ്ട് വിദ്യാർഥികളുടെ നില ഗുരതരമായി തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് നോക്കിനിൽക്കെയാണ് ക്യാമ്പസിനകത്ത് അതിക്രമം നടന്നത്. യൂണിവേഴ്സിറ്റി സുരക്ഷാ ഉദ്യോഗസ്ഥരും, ഡൽഹി പൊലീസും ആക്രമികൾക്കൊപ്പം ചേരുകയായിരുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു. അതിനിടെ, സമരം ചെയ്ത വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജെ.എന്‍.യു അഡ്മിനിസ്ട്രേഷന് സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നേരെയും ക്യാമ്പസ് പരിസരത്ത് കയ്യേറ്റ ശ്രമമുണ്ടായി.
ആക്രമത്തിനെതിരെ പല പ്രമുഖരും രംഗത്തെത്തി. വാർത്ത ഞെട്ടിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് ജെ.എന്‍.യുവില്‍ നിന്ന് വരുന്ന വാര്‍ത്തകളെന്ന് എം.പി ശശി തരൂര്‍ പറഞ്ഞു.