India National

ഫീസ് വർധനയില്‍ ന്യായീകരണവുമായി ജെ.എന്‍.യു

ജെ.എന്‍.യു ഫീസ് വർധനയില്‍ ന്യായീകരണവുമായി സർവകലാശാല അധികൃതർ. സര്‍വകലാശാലക്ക് നിലവിലുള്ള 45 കോടി രൂപയുടെ ബാധ്യത മറികടക്കാൻ സര്‍വീസ് ചാര്‍ജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുമായി വിദ്യാർഥികൾ വൈകിട്ട് ചർച്ച നടത്താനിരിക്കെയാണ് ന്യായീകരണം.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥി സമരം കോടതി അലക്ഷ്യമാണെന്നടക്കം ആരോപിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു തുടക്കം മുതല്‍ സര്‍വകലാശാല അധികൃതര്‍ നടത്തിയത്. എന്നാല്‍ സമരം ശക്തമായി തുടരവെ ഫീസ് വര്‍ധനയില്‍ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. നിലവില്‍ സര്‍വകലാശാലക്ക് 45 കോടിയുടെ ബാധ്യതയുണ്ട്. കരാറടിസ്ഥാനത്തില്‍ 450 ജീവനക്കാര്‍ സര്‍വകലാശാലയില്‍ ജോലിചെയ്യുന്നു. ഇവര്‍ക്കുള്ള ശമ്പള തുക കണ്ടെത്തണം. വെള്ളം, വൈദ്യുതി എന്നിവടക്കം ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിമാസം 4500 രൂപ ചെലവാകുന്നു.

ഇവ വിദ്യാർഥികളിൽ നിന്ന് ഈടാക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും സർവീസ് ചാർജ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സർവകലാശാല അധികൃതര്‍ പറയുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ വിദ്യാർഥികള്‍ ഇന്ന് ആവര്‍ത്തിക്കും. നീതി ലഭിച്ചില്ലെങ്കില്‍ നാളെ മണ്ടി ഹാസില്‍ നിന്നും പാര്‍ലമെന്റിന് മുന്നിലേക്ക് മഹാറാലി നടത്താനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.