അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ.
അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കശ്മീരിൽ അധികമായി 35,000 സൈനികരെയാണ് കേന്ദ്രസർക്കാർ അധികമായി വിന്യസിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനായി 100 പേരടങ്ങുന്ന 100 കമ്പനി അർധസൈനികരെ വിന്യസിച്ചതിനു പിന്നാലെ ഈയാഴ്ച 25,500 പേരെകൂടി താഴ് വരയിലെത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീരിൽ സന്ദർശം നടത്തിയതിനു പിന്നാലെയായിരുന്നു ഈ അസാധാരണ നീക്കം.