India National

ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ യുവാവ് മരിച്ചു

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് മരിച്ചു. 22 വയസ്സുള്ള തബ്രിസ് അന്‍സാരിയാണ് മരിച്ചത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇയാളെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അന്‍സാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മരത്തിന്റെ വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ മോഷ്ടാവാണെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ വാദം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.