രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ക്രൂരത. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ജൽതന്ദ സുവാരി ഗ്രാമത്തിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കലന്തുസ് ബർല, ഫിലിപ് ഹൊറോ, ഫാഗു കച്ചാപ് എന്നീ മൂന്ന് പേരാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. കശാപ്പ് ചെയ്യുന്നത് നിരോധിച്ച പശുവിന്റെ ഇറച്ചി കൈവശം വച്ചുവെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. ഒരു കൂട്ടം ഗ്രാമീണർ ഇവരെ മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കനന്തുസ് ബർലയുടെ പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തായി ഡി.ഐ.ജി ഹോംകാർ അമോൽ വേണുകാന്ദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വ്യക്തതയില്ലെന്നും ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിഐജി പറഞ്ഞു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിനായി കുറച്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഏപ്രിലിൽ ഗുംല ജില്ലയിലെ ജുർമോ ഗ്രാമത്തിൽ ഒരു ചത്ത കാളയുടെ മാംസം എടുത്തുവെന്നാരോപിച്ച് ഒരു ആദിവാസി ക്രിസ്ത്യനായ പ്രകാശ് ലക്രയെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സെപ്തംബറിൽ മാത്രം ഇതുപോലെ മൂന്ന് ആൾക്കൂട്ട കൊലപാതകങ്ങളാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സെപ്തംബർ 11ന് സാഹിബ്ഗഞ്ച് ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് 70കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സെപ്തംബർ മൂന്ന് ഒരു 40കാരനെയും ആൾക്കൂട്ടം ഇതുപോലെ കൊലപ്പെടുത്തിയിരുന്നു. പിന്നീട് സെപ്തംബർ ആറിന് കഗ്തി പഹാരി ഗ്രാമത്തിൽ ഇത്തരം അഭ്യൂഹത്തെ തുടർന്ന് മറ്റൊരാളെയും കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ആൾക്കൂട്ട അക്രമത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തു, മോഷണം, കുട്ടികളെ തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ സംശയങ്ങളുടെ പേരിലാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ഇതിനുപുറമെ, 2017 ജനുവരി മുതൽ ഝാർഖണ്ഡിൽ മന്ത്രവാദം നടത്തിയെന്ന സംശയത്തിന്റെ പേരിൽ 90 ലധികം പേരെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.