ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം രാഷ്ട്രീയ ജനതാദളി (ആര്‍ജെഡി) ന്റെ മുന്നേറ്റമാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മല്‍സരിച്ച ഏഴില്‍ അഞ്ച് സീറ്റിലും മികച്ച വിജയമാണ് ആര്‍ജെഡി നേടിയത്.
പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിഹാറിനോട് ചേര്‍ന്ന ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ അഞ്ച് സീറ്റിലാണ് പാര്‍ട്ടി മിന്നും ജയം കാഴ്ചവച്ചതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യത്തിന് നെഞ്ചിടിപ്പ് കൂടുമെന്ന് ഉറപ്പ്.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കൊപ്പം സഖ്യം ചേര്‍ന്നാണ് ആര്‍ജെഡി ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. മണ്ഡലങ്ങള്‍ പങ്കുവച്ചപ്പോള്‍ ആര്‍ജെഡിക്ക് ലഭിച്ചത് ഏഴ് സീറ്റ്. ഇതില്‍ അഞ്ചിലും ജയിക്കുക എന്നത് നിസാര കാര്യമല്ല. അതും 2014ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍. ദിയോഗാര്‍, ഗോഡ, കോഡര്‍മ, ഛത്താര്‍പൂര്‍, ഛത്ര എന്നീ മണ്ഡലങ്ങളാണ് ഇത്തവണ ആര്‍ജെഡിക്കൊപ്പം നിന്നത്. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ മണ്ഡലങ്ങളിലെ ജയം ബിഹാര്‍ ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്.
ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് ആര്‍ജെഡി. ആര്‍ജെഡിയാണ് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ബിഹാറില്‍ മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്ത വര്‍ഷം നവംബറിലാകും ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ജെഡിയു-ബിജെപി-എല്‍ജെപി സഖ്യത്തെയാണ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം നേരിടുക.