ജമ്മു കശ്മീരിൽ കോൺഗ്രസ് പ്രസിഡണ്ട് ഗുലാം അഹ്മദ് മിറിനെയും മുഖ്യവക്താവും മുൻ എം.എൽ.സിയുമായ രവീന്ദർ ശർമയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു മിറിന്റെ അറസ്റ്റ്. രാവില പത്രസമ്മേളനത്തിൽ സംസാരിക്കവെ മാധ്യമങ്ങൾക്കു മുന്നിൽവെച്ചാണ് രവീന്ദർ ശർമയെ സായുധരായ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത്.
വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ശഹീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്ത് രവീന്ദർ ശർമ സംസാരിക്കാനിരുന്ന പത്രസമ്മേളനം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയായിരുന്നു. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ ശർമയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും കെട്ടിടത്തിന് പുറത്തേക്കു നയിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. സീനിയർ ഓഫീസറെ കാണാൻ എന്ന പേരിലാണ് ശർമയെ കൊണ്ടുപോയതെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തോടൊപ്പം പാർ്ട്ടിയുടെ മറ്റൊരു നേതാവിനെയും പിടിച്ചുകൊണ്ടുപോയി.
ശർമയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.