ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിമാരെയടക്കം തടങ്കലില്‍ വയ്ക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. ബ്ലോക് ഡിവിഷന്‍ പ്രഖ്യാപിച്ച ശേഷം കശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്രം കുറച്ചുകൊണ്ടുവരികയാണ്. ഇന്നലെ രാത്രി കശ്മീരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കണം.
ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യം കശ്മീരില്‍ ഉറപ്പുവരുത്തുകയാണ് പുതിയ നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. ജമ്മുവിലെ രാഷ്ട്രീയ നേതാക്കന്മാരെ മോചിപ്പിക്കുകയും മുന്‍ മുഖ്യമന്ത്രിരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവരെ കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കൾക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.