ജമ്മു കശ്മീരിൽ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അനുച്ഛേദം 370 റദ്ദാക്കിയത്,സുരക്ഷ നിയന്ത്രണങ്ങൾ,വീട്ടുതടങ്കൽ എന്നിവ ചോദ്യം ചെയ്താണ് ഹരജികൾ. ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തനം ദുഷ്കരമായിരിക്കുകയാണെന്ന ഹരജിയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തും.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞ മോദി സർക്കാർ നടപടി റദ്ദാക്കണം, മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധം പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത കർഫ്യു പിൻവലിക്കണം, നേതാക്കളെ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിക്കണം, മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെണം ഇവയാണ് സുപ്രീംകോടതിക്ക് മുന്നിലുള്ള ഹരജികളിലെ പ്രധാന ആവശ്യങ്ങൾ. നാഷണൽ കോൺഫറൻസ് നേതാക്കളായ മുഹമ്മദ് അക്ബർ ലോണിയും ഹസ്നയിൻ മസൂദിയും പൊതുപ്രവർത്തകനായ മനോഹർലാൽ ശർമയും അടക്കമുള്ളവരാണ്അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹരജി സമർപ്പിച്ചവർ.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയും കോടതിക്ക് മുന്നിലുണ്ട്. ഡൽഹിയിലെ നിയമ വിദ്യാർത്ഥി മുഹമ്മദ് അലീം സയിദിന്റെ ഹേബിയസ് കോർപ്പസ് ഹരജി നിയന്ത്രണങ്ങൾക്ക് പിന്നാലെ മാതാപിതാക്കളെ കുറിച്ച് വിവരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്. കശ്മീരിൽ സമ്പൂർണ മാധ്യമ നിയന്ത്രണമാണെന്ന കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ബാസിന്റെ ഹരജിയും പരിഗണനക്ക് വരും. എന്നാൽ ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ രാജ്യ സുരക്ഷയുടെ ഭാഗം ആണെന്ന നിലപാട് വിവാദമായതോടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ തിരുത്തി. മാധ്യമങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളും പാടില്ല എന്ന് കൗണ്‍സില്‍ പ്രതികരിച്ചു. സുപ്രിം കോടതിയിലും ഇത് ആവർത്തിക്കും.