ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും പന്ത്രണ്ടാം ദിവസവും തുടരുന്നു. ആഗസ്റ്റ് 15ന് ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. സ്വാതന്ത്യ ദിനത്തില്‍ അമിത്ഷാ ശ്രീനഗറില്‍ പതാക ഉയര്‍ത്തിയേക്കും.
നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ശ്രീനഗറിലെ ലാല്‍ ചൊക്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പതാക ഉയര്‍ത്തുമെന്നാണ് സൂചന. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ പുനഃസ്ഥാപിച്ചിട്ടില്ല.
കട കമ്പോളങ്ങള്‍ അടഞ്ഞ് തന്നെ. കടുത്ത നിയന്ത്രണങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനത്തിന് ശേഷമേ ഇളവുണ്ടാകൂ എന്ന് അധികൃതര്‍ പറയുന്നു. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുയെന്ന് ജമ്മുകാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ പറഞ്ഞു.
കശ്മീരില്‍ സന്ദര്‍ശനത്തിന് അനുവാദം നല്‍കണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. സന്ദര്‍ശനത്തിനായി ജമ്മുകശ്മീര്‍ ഗവര്‍ണറോട് ഉടന്‍ അനുമതിതേടും. അതേസമയം, ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന്‍ ഇത്തവണ പാക് അധീന കശ്മീരില്‍ ആഘോഷം വിപുലമാക്കി. ജമ്മുകശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുസഫറാബാദില്‍ നടക്കുന്ന പരിപാടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കടുക്കും.