India National

വ്യോമാക്രമണ സമയത്ത് ജയ്ശെ കാമ്പില്‍ 300 മൊബൈലുകള്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

ബാലാക്കോട്ട് വ്യോമാക്രമണ സമയത്ത് ജയ്ശെ മുഹമ്മദ് കാമ്പില്‍ 300 മൊബൈലുകള്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണ്ടെത്തല്‍ ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. റോ അടക്കമുള്ള അന്വേഷണ ഏജന്‍സികളും സമാന വിവരം നല്‍കിയിരുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണത്തില്‍ എത്ര ഭീകരരെ വധിക്കാനായി എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായിരിക്കെയാണ് പുതിയ വിവരം പുറത്ത് വന്നത്. ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ സര്‍ക്കാരോ വ്യോമസേനയോ തയ്യാറായിരുന്നില്ല. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പുറത്ത് വിടേണ്ടത് സര്‍ക്കാരാണ് എന്നായിരുന്നു വ്യോമസേന മേധാവി ബി.എസ് ധനോവയുടെ പ്രതികരണം. 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അതിനിടെ രാജസ്ഥാന്‍ അതിര്‍ത്തി മേഖലയായ ബിക്കാനീര്‍ നാല്‍ സെക്ടറില്‍ വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ഡ്രോണിന്‍റെ ശ്രമം ഇന്ത്യന്‍ വ്യോമസേന പരാജയപ്പെടുത്തി. നീക്കം റഡാര്‍ വഴി തിരിച്ചറിഞ്ഞ വ്യോമസേന സുഖോയ് യുദ്ധ വിമാനം ഉപയോഗിച്ച് ഡ്രോണ്‍ തകര്‍ത്തു. പാക് അധീന മേഖലയിലേക്കാണ് തകര്‍ന്ന ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണതെന്നാണ് വിവരം. ഗുജറാത്തിലെ കച്ചിലും ദിവസങ്ങള്‍ക്ക് മുന്‍പ് സമാന സംഭവം ഉണ്ടായിരുന്നു. View image on Twitter