ഇംഗ്ലണ്ടിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിശേഷിപ്പിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. വിവാദമായതോടെ ജഗ്ഗി മാപ്പുപറഞ്ഞു. യൂത്ത് ആന്‍ഡ് ട്രൂത്ത്, അണ്‍പ്ലഗ് വിത്ത് വാസുദേവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് പാക് വംശജനായ ബിലാല്‍ ബിന് സാഖിബ് എന്ന വിദ്യാര്‍ത്ഥിയെ താലിബാനി എന്ന് വിശേഷിപ്പിച്ചത്. ‘അണ്‍പ്ലഗ് വിത്ത് സദ്ഗുരു’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു സാഖിബ്. ചര്‍ച്ചയ്ക്കിടെ ജീവിതത്തെയും മാനസിക പിരിമുറുക്കത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് സാഖിബിനെ താലിബാനിയെന്ന് ജഗ്ഗി വിളിച്ചത്.
വിവാദ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തെ അപലപിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ഇസ്ലാമോഫോബിക് പരാമര്‍ശം ക്യാംപസില്‍ അനുവദിക്കാനാകില്ലെന്നും അപലപനീയമാണെന്നും ജഗ്ഗി മാപ്പ് പറയണമെന്നുമായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്.
പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ജഗ്ഗി വാസുദേവ് തന്നെ രംഗത്ത് എത്തി. ബിലാലിനെ അപമാനിക്കാനുദ്ദേശിച്ചല്ല തന്‍റെ പരാമര്‍ശമെന്ന് ജഗ്ഗി വാസുദേവ് പറയുന്നു. താലിബാന്‍ എന്ന വാക്ക് പ്രയോഗിച്ചത് ഉത്സാഹമുള്ള വിദ്യാര്‍ത്ഥി എന്ന നിലക്കാണ്, പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം പറയുന്നു.