India National

അഞ്ച് ഉപമുഖ്യമന്ത്രിമാർ, അഞ്ച് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം

ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്. ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഢി. വെള്ളിയാഴ്ച രാവിലെ അമരാവതിയിലെ തഡേപ്പള്ളിയിലുള്ള ജഗൻ മോഹൻ റെഡ്ഢിയുടെ വസതിയിൽ വച്ച് നടന്ന വൈ.എസ്.ആർ.സി എം.എൽ.എമാരുടെ യോഗത്തിൽ വച്ചാണ് ഈ തീരുമാനം വന്നത്.

ദളിത് ,ആദിവാസി, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. ഇവർ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയുടെ അഞ്ച് ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാര്‍ ആക്കിയിരിക്കുന്നത്. റായല്‍സീമ, പ്രകാശം, കൃഷ്ണ ഡെല്‍ട്ട, ഗോദാവരി, വിസാഗ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവർ.

ഇവർ മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുമുള്ളവരാകും തന്റെ മന്ത്രിസഭയിൽ ഭൂരിഭാഗം പേരുമെന്നും ജഗൻ മോഹൻ എം.എൽ.എമാരോട് വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രയിലെ രാഷ്ട്രീയ രംഗത്ത് ഈ തീരുമാനം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. റെഡ്ഢി വിഭാഗത്തിനാണ് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കുക എന്നാണ് ഇതുവരെ കരുതിപ്പോന്നത്

മാത്രമല്ല, അധികാരത്തിലേറി രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗൻ മോഹൻ വ്യക്തമാക്കി. മന്ത്രിസഭയുടെ അതുവരെയുള്ള പ്രകടനം വിലയിരുത്തിയാകും പുനഃസംഘടന നടത്തുക. ജഗൻ മോഹന്റെ വിപ്ലവകരമായ ഈ തീരുമാനത്തെ ദുർബല വിഭാഗങ്ങളെ സന്തോഷിപിച്ച് നിർത്താനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

ബാക്കി വരുന്ന 25 എംഎല്‍എമാര്‍ക്ക് അടുത്ത ഘട്ടത്തില്‍ അവസരം ലഭിക്കും. മന്ത്രിപദം ലഭിക്കാത്തവര്‍ക്ക് പാര്‍ട്ടിയുടെ ഉന്നത പദവികളിലും നോമിനേറ്റഡ് പോസ്റ്റുകളിലും നിയമിക്കുമെന്നും ജഗന്‍ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഒരു കാബിനറ്റില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ മുഖ്യമന്ത്രി നിയമിക്കുന്നത്. നേരത്തേ ചന്ദ്രബാബു നായിഡുവിന്‍റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നോക്ക വിഭാഗത്തിലും കാപ്പ സമുദായത്തിലും പെട്ടവരായിരുന്നു അന്ന് ഉപമുഖ്യമന്ത്രിമാരായത്.

നാളെ രാവിലെ 8 .39 നാണ് ജഗൻ സെക്രട്ടറിയേറ്റിൽ പ്രവേശിക്കുക . പൂജകൾക്ക് ശേഷം ഔദ്യോഗിക ഫയലുകളിൽ ഒപ്പു വെക്കും. ശേഷം 9 .15 നു പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുമെന്നു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു .