India

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു

ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു.

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു.

ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ആരോഗ്യനില ഗുരുതരമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.

തമിഴ്നാട്ടില്‍ ഇന്നലെ 21 കോവിഡ് മരണം

തമിഴ്നാട്ടില്‍ 21 പേരും തെലങ്കാനയില്‍ 11 പേരും ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവുമാണ് ഇന്നലെ മരിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കടന്നു. 1685 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 307 ആയി. 34914 ആണ് രോഗബാധിതര്‍. തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ പത്താംക്ളാസ് പരീക്ഷകള്‍ റദ്ദാക്കി. മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ചു. ഇന്റേണല്‍ മാര്‍ക്കിന്റെയും മുന്‍പ് നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കും. തമിഴ്നാട്ടില്‍ പ്ളസ് വണ്‍ പരീക്ഷയും റദ്ദാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

തെലങ്കാനയിലെ മരണസംഖ്യ 148 ആയി. 270 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 3920 ആയി. ആന്ധ്രാ പ്രദേശില്‍ രോഗബാധിതര്‍ 5000 കടന്നു. 216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 5029. മരണസംഖ്യ 77 ആയി. കര്‍ണാടകയിലെ മരണസംഖ്യ 66 ആണ്. 161 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 5921 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 115 പേരും മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയവരാണ്. പുതുച്ചേരിയില്‍ നാല് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. രോഗബാധിതര്‍ 132 ആയി.