India National

ഇതുവരെ ‘രക്തസാക്ഷി’കളായത് 50 കര്‍ഷകര്‍; സര്‍ക്കാര്‍ കള്ളം പറയുന്നു- ആഞ്ഞടിച്ച് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഇതുവരെ 50 കര്‍ഷകര്‍ ‘രക്തസാക്ഷി’കളായെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കര്‍ഷക ആവശ്യങ്ങള്‍ പാതി അംഗീകരിച്ചെന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തെറ്റാണെന്നും അവര്‍ പറഞ്ഞു.

‘ഞങ്ങള്‍ സമാധാനപരമായാണ് സമരം ചെയ്തത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും അങ്ങനെ. ഭാവിയില്‍ സമരം ചെയ്യുന്നതും അങ്ങനെ തന്നെയാണ്. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ ഡല്‍ഹി അതിര്‍ത്തിയില്‍ നില്‍ക്കും’ – സംഘടനാ നേതാക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ട്രാക്ടര്‍ പരേഡ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ട്രാക്ടറുകളില്‍ ദേശീയ പതാകകള്‍ ഉയര്‍ത്തി കിസാന്‍ പരേഡ് എന്ന പേരിലാകും പരേഡ് സംഘടിപ്പിക്കുക- കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ വ്യക്തമാക്കി.

ഇതുവരെ അമ്പത് കര്‍ഷകര്‍ പ്രതിഷേധത്തിനിടെ ‘രക്തസാക്ഷികളായെന്ന്’ മറ്റൊരു നേതാവ് അശോക് ധവാലെ പറഞ്ഞു. ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസിപൂരില്‍ കശ്മീര്‍ സിങ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. രാവിലെ ഇദ്ദേഹത്തെ താല്‍ക്കാലിക ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

കര്‍ഷകരുടെ അമ്പത് ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ശുദ്ധകളവാണെന്ന് സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒന്നും രേഖയാക്കി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കളുമായി നടത്തിയ ആറാം വട്ട ചര്‍ച്ചയിലാണ് പകുതി ആവശ്യങ്ങളും അംഗീകരിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ജനുവരി നാലിന് അടുത്ത വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യും എന്നാണ് കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചിരുന്നത്.