India

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കും

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷണം സിബിഐക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് ഡി കെ ജെയിൻ സമിതി റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് തീരുമാനം. ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പ്രതികരിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ കേരള പൊലീസ് ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ വന്നേക്കും. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഗൗരവമായ വിഷയമാണിതെന്ന് ജസ്റ്റിസ് ജെയിൻ സമിതി റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജെയിൻ സമിതി നമ്പി നാരായണന്‍ അടക്കമുള്ളരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സമിതി റിപ്പോർട്ട് സിബിഐക്ക് കൈമാറാനും അത് അടിസ്ഥാനമാക്കി തുടർ അന്വേഷണം നടത്താനുമാണ് കോടതിയുടെ നിർദേശം. റിപ്പോർട്ട് പുറത്തു വിടാൻ പാടില്ലെന്നും കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

കോടതി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. ആരൊക്കെയാണ് കുറ്റക്കാരെന്നുള്ളത് കണ്ടുപിടിക്കണം. കെട്ടിച്ചമച്ച കേസാണെന്ന് സംശയമില്ല. സിബിഐ അന്വേഷണത്തിന് ശേഷമുള്ള നടപടികളോടെയാണ് നീതി മുഴുവനായി ലഭിക്കുകയെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.