India National

ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ കൃത്രിമോപഗ്രഹങ്ങളെത്തിച്ച് ഐ.എസ്.ആര്‍.ഒയുടെ ചരിത്ര നേട്ടം

പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി ഇന്ത്യ വിക്ഷേപിച്ചു. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്യം 9.30 ക്ക് യാത്ര തുടങ്ങിയ പി.എസ്.എല്‍.വി വാഹനം ഇരുപത് മിനിറ്റിനുള്ളില്‍ എമിസാറ്റിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

പ്രതിരോധരംഗത്തെ നിരീക്ഷണം വളരെ സൂക്ഷ്തയോടെയും കൃത്യതയോടെയും നടത്തുക എന്നതാണ് എമിസാറ്റിന്റെ ദൗത്യം. വിവിധ ഉപഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ സഞ്ചരിക്കുന്നത് ഉള്‍പ്പടെ നിരവധി സവിശേഷതകള്‍ എമിസാറ്റിന് സ്വന്തമാണ്. അമേരിക്കയുടേതുള്‍പ്പടെ 28 ചെറു ഉപഗ്രഹങ്ങള്‍ കൂടി പി.എസ്.എല്‍.വി സി 45 ഭ്രമണപഥത്തിലെത്തിച്ചു. പി.എസ്.എല്‍.വിയുടെ നാല്‍പ്പത്തിയേഴാമത് ദൗത്യമായിരുന്നു ഇത്.

436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതായിരുന്നു പി.എസ്.എല്‍.വി സി-45ന്റെ ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പി.എസ്.എല്‍.വിയുടെ നാലാംഘട്ടം(അവേശഷിക്കുന്ന ഭാഗം) ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടി സ്ഥാപിക്കും. ഉപഗ്രഹങ്ങള്‍ വേര്‍പെട്ടു കഴിഞ്ഞാല്‍ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കുന്ന പതിവിന് വിരുദ്ധമാണ് പുതിയ പരീക്ഷണം.