ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡര്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ. വിക്രമിന്റെ ഭാഗങ്ങൾ ഐ.എസ്.ആർ.ഒ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ചെയർമാൻ കെ.ശിവൻ പറഞ്ഞു. ലാൻഡർ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്നലെയാണ് നാസ പ്രഖ്യാപിച്ചത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാൻഡറിനെ കണ്ടെത്തിയതായി ഇസ്രോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ നിന്നാണ് ലാൻഡറിനെ കണ്ടെത്തിയതെന്നും ഐ.എസ്.ആര്‍.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു.
ഇന്നലെ പുലർച്ചയാണ് വിക്രം ലാൻഡറിന്റെ അവശിഷ്ങ്ങൾ കണ്ടെത്തിയതായി നാസ അറിയിച്ചത്. ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. ചെന്നൈ സ്വദേശിയും മെക്കാനിക്കൽ എഞ്ചിനീയറുമായ ഷൺമുഖം സുബ്രഹ്ണ്യന്റെ സഹായത്തോടെയായിരുന്നു നാസയുടെ കണ്ടെത്തൽ.