India National

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.

ഗള്‍ഫ് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി ഈ മാസം നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇതിലെ ജീവനക്കാരുടെ വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ല. മൂന്ന് മലയാളികളെക്കുറിച്ച് ഇന്നലെ വന്ന വാര്‍ത്തകളാണ് കൂടുതല്‍ ഇന്ത്യക്കാരുടെ വിവരം പുറത്തെത്തിച്ചത്. ഇറാന്‍ കപ്പലില്‍ ആകെയുള്ള 28 ജീവനക്കാരില്‍ 24 ഉം ഇന്ത്യക്കാരാണ്. ഇറാന്‍ പിടിച്ചുവെച്ച ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ട്. രണ്ട് കപ്പലിലുമായി ആകെ 42 ഇന്ത്യക്കാര്‍. രണ്ടിലും മൂന്ന് വീതം മലയാളികളുമുണ്ട്. എറണാകുളം സ്വദേശികളായ മൂന്ന് പേരുടെ മോചനം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം. പി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബ്രീട്ടീഷ് കപ്പലിലെ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ലഭ്യമായത്. ക്യാപ്റ്റനുള്‍പ്പെടെയുള്ള മറ്റ് രണ്ട് പേരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇറാന്‍ കപ്പിലുള്ള മലപ്പുറം സ്വദേശി അജ്മല്‍ സാദിഖും കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജിത്തും ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഗുരൂവായൂര്‍ സ്വദേശി റെജിനുമായി ഒരു മാസമായി ബന്ധമില്ല.

മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.