ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. അപകടത്തിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി.
പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂർത്തീകരിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറുമായി ട്രക്ക് ഡ്രൈവർക്കോ ക്ലീനർക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം. അപകടത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ് . വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെൺകുട്ടിയുടെ ചികിത്സാ ചെലവ് യു .പി സർക്കാർ ഏറ്റെടുത്തിരുന്നു. പ്രതിയായ കുൽദീപ് സിംഗിനെ പാർട്ടിയിൽ നിന്ന് ബി.ജെ.പി സസ്പൻഡ് ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കണ്ണിൽ പൊടിയിട്ടതാണെന്നും കുൽദീപിനെ ഇത്ര കാലം സംരക്ഷിച്ചത് ബി.ജെ.പിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതും പ്രതിപക്ഷ വിമർശം ശക്തമാക്കിയിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈമാസം 12 ന് കുടുംബം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും ഇന്നലെ പുറത്ത് വന്നിരുന്നു. അപകടക്കേസില്‍ കുല്‍ദീപിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.