അതിപ്രധാനവും വിവാദപൂര്‍ണവുമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച്ച രാജ്യസഭയും കടന്നിരിക്കുന്നു. ബില്ല് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ കൃത്യമായി വിഭജിക്കുകയും അവരെ അക്രമാസക്തമായ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയുമാണ്. ബില്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം ‘പീഡിപ്പിക്കപ്പെടുന്ന’ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പ് വരുത്തുന്നു. എന്നാല്‍ മുസ്‍ലീങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലാണ്. അസാമും ത്രിപുരയുമെല്ലാം ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ബില്‍ പാസാക്കിയത് ചരിത്രപരമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ബില്ലിനെതിരെ പ്രകടമായ വിയോജിപ്പാണ് വിദേശ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. വിഭജനത്തിലേക്ക് നയിക്കുന്ന നിയമമാണെന്നും ഇന്ത്യ മുസ്‍ലിംകളെ ഒഴിവാക്കിയെന്നും മാധ്യമങ്ങള്‍ എഴുതുന്നു.
‘ഇന്ത്യന്‍ പാര്‍ലമെന്റ് വിഭാഗീയതയുടെ പൗരത്വ ബില്‍ പാസ്സാക്കി, നിയമമാകുന്നു’ എന്ന തലക്കെട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനം. ഇന്ത്യന്‍ പാര്‍ലമെന്റ് വിവാദപൂര്‍ണമായ പൗരത്വ ബില്‍ പാസാക്കി. ബില്‍ മതപരമായി വിഭജിക്കുന്നതാണെന്നും രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
പൗരത്വ ഭേദഗതി ബില്ലില്‍ നുഴഞ്ഞു കയറ്റക്കാരെ നിര്‍ണയിക്കുന്നതിന് മതമാണ് മാനദണ്ഡമായി കാണുന്നത്. സൗത്ത് ഏഷ്യയിലെ പ്രമുഖമായ എല്ലാ മതങ്ങള്‍ക്കും ബില്‍ അനുകൂലമാകുമ്പോള്‍ ഇസ്‍ലാമിനെ മാത്രം ഒഴിവാക്കുന്നു. 200 മില്യണ്‍ വരുന്ന മുസ് ലിംകളുടെ നേതാക്കള്‍ ഇത് പ്രകടമായ വിവേചനമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
‘ഇന്ത്യ, മുസ്‍ലിം കുടിയേറ്റക്കാരെ ഒഴിവാക്കി വിവാദപൂര്‍ണമായ പൗരത്വ ബില്‍ പാസാക്കിയിരിക്കുന്നു’ എന്നാണ് വാഷിങ് ടണ്ണിന്റെ തലക്കെട്ട്. ഇന്ത്യയിലെ നിയമനിര്‍മാതാക്കള്‍ ജനങ്ങള്‍ക്ക് രാജ്യം നിര്‍ണയിക്കാനുള്ള മാനദണ്ഡം ചരിത്രത്തില്‍ ആദ്യമായി മതമായി പരിഗണിച്ചിരിക്കുന്നു. മതേതര അടിത്തറയില്‍ നിര്‍മിക്കപ്പെട്ട രാജ്യം ഹിന്ദുരാജ്യമായി മാറുന്നു, അതില്‍ മുസ്‍ലിംകള്‍ രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെടുന്നു. 200 മില്യണ്‍ മനുഷ്യര്‍ വിശ്വസിക്കുന്ന ഇസ്‍ലാമിനെ മാത്രം ഒഴിവാക്കി ബാക്കിയുള്ള ഒട്ടുമിക്ക സൗത്ത് ഏഷ്യന്‍ മതങ്ങളിലേയും കുടിയേറ്റക്കാര്‍ക്ക് ബില്‍ പൗരത്വം നല്‍കുകയാണെന്നും വാഷിങ് ടണ്‍ എഴുതുന്നു.
64 വര്‍ഷത്തെ ഇന്ത്യയുടെ പൗരത്വ നിയമത്തില്‍ ഈ ബില്‍ സമ്പൂര്‍ണമായ മാറ്റം കൊണ്ടുവന്നിരിക്കുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ‘പീഡിപ്പിക്കപ്പെടുന്ന’ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന്‍സ്, പാര്‍സീസ്, ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണിത്.
ഇന്ത്യ ഭരിക്കുന്ന ഹിന്ദു ദേശീയവാദ ഭരണകൂടം അയല്‍ രാജ്യത്തെ പ്രത്യേക വിശ്വാസങ്ങള്‍ പിന്തുടരുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും മുസ്‍ലീങ്ങളെ ഒഴിവാക്കുകയും ചെയ്ത വിവാദപൂര്‍ണമായ നിയമം പാസാക്കിയിരിക്കുന്നു എന്ന് ‘ദ ഇന്‍ഡിപന്‍ഡന്റും’ എഴുതുന്നു.