India

ഉത്തരേന്ത്യയിൽ കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അതിശക്തമായ മഴയാണ് തുടരുന്നത്. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡിൽ വെള്ളം ഉയർന്നതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളപ്പൊക്കം രൂപപ്പെട്ടു. ഉത്തരേന്ത്യയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത ആറ് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗോവ, കർണാടക, മഹാരാഷ്ട്ര, കൊങ്കൺ മേഖലകളിലും അതിശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.