കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യ പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. മൂന്ന് ഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റം നടത്തുക. ഒരാഴ്ചയ്ക്കകം അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള രൂപ രേഖ തയാറാക്കി. നവംബർ ആറിന് ചുഷുലിൽ നടന്ന എട്ടാം കോർപ്‌സ് കമാൻഡർ ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാപിൻമാറ്റത്തെ കുറിച്ചുള്ള കാര്യങ്ങൾ ധാരണയിലെത്തിയത്.
ഇതനുസരിച്ച് ഈ വർഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിത് പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മുൻനിരയിൽ നിന്ന് ലൈൻ ഓഫ് ആക്ച്വൽ കട്രോളിൽ നിന്ന് നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുമാണ്.
രണ്ടാംഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്ത് നിന്ന് സേന പിൻ വാങ്ങണം. ഇതനുസരിച്ച് മൂന്ന് ദിവസംകൊണ്ട് ഇരുപക്ഷവും 30 ശതമാനം സൈനികരെ ദിവസേന പിൻവലിക്കേണ്ടതാണ്.
മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരം ഉൾപ്പെടുന്ന (ചുഷുൾ, റെസാങ് ലാ പ്രദേശങ്ങൾ) അതത് സ്ഥാനങ്ങളിൽ നിന്ന് സേന പിന്മാറേണ്ടതാണ്.