India National

‘രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്’ പി സായ്‌നാഥ്

“തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് പൊകുന്നതിനെക്കുറിച്ചാണ് പലരും അത്ഭുതപ്പെടുന്നത്. നിങ്ങള്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു…”

ഇപ്പോഴാണ് രാജ്യത്തിന്റെ ചാലകശക്തി ആരാണെന്ന് പലര്‍ക്കും മനസിലാകുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, മറിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പി. സായ്‌നാഥിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ(പാരി)യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ 20-25 വര്‍ഷങ്ങള്‍ക്കുളില്‍ രാജ്യത്തെ പൊതുമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലുകളാണ് കരാര്‍ ജോലികളാക്കി മാറ്റിയത്. ഉദാഹരണത്തിന് നിരവധി നഗരങ്ങളാണ് മാലിന്യ നിര്‍മാര്‍ജ്ജന മേഖലയിലെ തൊഴിലുകള്‍ കരാര്‍ കൊടുത്തത്. ഇതോടെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും സുരക്ഷിതത്വവും നഷ്ടമായി. കരാറുകാര്‍ എത്തുകയും ഇവര്‍ നേരത്തെ തൊഴിലെടുത്തിരുന്ന അതേ ജോലിക്കാരെതന്നെ കുറഞ്ഞ ശമ്പളത്തിന് വെക്കുകയുമാണ് ചെയ്തതെന്ന് സായ്‌നാഥ് വിശദീകരിക്കുന്നു.

ഇനിയെങ്കിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മഹത്വം നമ്മള്‍ മനസിലാക്കണം. ഇവരുടെ സേവനമില്ലാതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. തൊഴിലാളികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ അവരുടെ തൊഴില്‍ശേഷിയുപയോഗിച്ചാണ് രാജ്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നതെന്ന് നമ്മള്‍ തിരിച്ചറിയണമെന്നും സായ്‌നാഥ് പറയുന്നു.

തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് പൊകുന്നതിനെക്കുറിച്ചാണ് പലരും അത്ഭുതപ്പെടുന്നത്. നിങ്ങള്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. നമ്മുടെ അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നേരത്തെയും ഇങ്ങനെ ദീര്‍ഘമായി കാല്‍നടയായി യാത്ര ചെയ്തിരുന്നവരാണ്.

ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ലക്ഷക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ രാജ്യത്തുണ്ട്. തൊഴിലുതേടി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണ് ഇവര്‍. ഒറീസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വിനോദസഞ്ചാര സീസണില്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ റിക്ഷ വലിക്കാന്‍ പോകാറുണ്ട്. വേനലാകുന്നതോടെ ഇതേ തൊഴിലാളികള്‍ ആന്ധ്രയിലെ വിജയനഗരത്തിലെ ഇഷ്ടികക്കളങ്ങളിലേക്ക് പോകും. പിന്നീട് മുംബൈയിലെ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കും. മണ്‍സൂണ്‍ ശക്തിപ്പെടുന്നതോടെയാണ് ഇവര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുക.

ദശലക്ഷക്കണക്കിന് വരുന്ന ഇത്തരം തൊഴിലാളികള്‍ ഒരു സ്ഥലത്തും ആറ് മാസത്തോളം കഴിയാറില്ല. ഇവര്‍ക്കെന്താണ് സംഭവിക്കുന്നത്? സത്യം പറഞ്ഞാല്‍ അതേക്കുറിച്ച് നമുക്കറിയില്ല.

200-300 കിലോമീറ്റര്‍ നടക്കേണ്ടി വരുമ്പോള്‍ റോഡരികിലെ ദാബകളും ബസ് സ്റ്റാന്‍ഡുകളും ചായക്കടകളുമൊക്കെയായിരുന്നു ഇവരുടെ ആശ്രയം. ഇവിടെ ഭക്ഷണത്തിന് പകരം ജോലിയെടുത്തു നല്‍കും. ആരോഗ്യം വീണ്ടെടുക്കുന്നതോടെ യാത്ര തുടരുകയും ചെയ്യും. ഇപ്പോഴത്തെ പ്രശ്‌നം ഇവരുടെ ഇത്തരം ആശ്രയകേന്ദ്രങ്ങളെല്ലാം അടച്ചുവെന്നതാണ്. ഇതോടെ പട്ടിണിയും നിര്‍ജ്ജലീകരണവും യാത്രക്കിടെ വലിയ വെല്ലുവിളികളാകുന്നു- ഇന്ത്യയിലെ ഏക ഗ്രാമീണകാര്യലേഖകനെന്ന വിശേഷമുള്ള സായ്‌നാഥ് രാജ്യത്തെ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.