India National

സ്വിസ് ബാങ്ക് നിക്ഷേപം; ആദ്യ ഘട്ട വിവരങ്ങള്‍ കെെമാറി

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍റ് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളപണം കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ഇത് ആദ്യമായാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍റ് തയ്യാറാകുന്നത്. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടള്ളതില്‍ കൂടുതലുമെന്നാണ് വിവരം.

അന്താരാഷ്ട്ര വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തില്‍ സ്വിറ്റ്സര്‍ലന്‍റിലെ ഫെഡറല്‍ ടാക്സ് അ‍ഡ്മിനിസ്ട്രേഷനുമായി ഒപ്പുവെച്ച 75 രാജ്യങ്ങള്‍ക്കാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറിയത്. കര്‍ശന ഉപാധികളോടെയാണ് വിവരങ്ങളുടെ കൈമാറ്റം. ഇപ്പോഴും ഉപയോഗത്തിലുള്ളതും കരാര്‍ നിലവില്‍ വന്ന 2018 ല്‍ അവസാനിച്ചതുമായ അക്കൌണ്ടുകളിലേയും ആദ്യ ഘട്ട വിവരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്.

2008 ന് മുന്‍പ് പ്രവര്‍ത്തനം അവസാനിപ്പിച്ച നൂറ് അക്കൌണ്ടുകളുടെയെങ്കിലും വിവരങ്ങള്‍ കൈമാറിയവയില്‍ ഉണ്ട്. രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന വ്യവസായികള്‍, വസത്രവ്യാപരികള്‍, വജ്രവ്യാപാരികള്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് ഇതെന്നും സൂചനയുണ്ട്. അടുത്ത ഘട്ട വിവരകൈമാറ്റം 2020 സെപ്റ്റംബറില്‍ നടക്കും.

യഥാര്‍ത്ഥത്തില്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതും ഇന്ത്യക്കാരുടെ പേരില്‍ ഔദ്യോഗികമായി ഉള്ളതുമായ അക്കൌണ്ടുകളെ സംബന്ധിച്ച വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ കൂടുതലും ഇപ്പോള്‍ വിദേശത്ത് സ്ഥിര താമസമാക്കിയ ഇന്ത്യക്കാരുടെതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 75 രാജ്യങ്ങള്‍ക്കുമായി 3.1 മില്ല്യണ്‍ അക്കൌണ്ടുകള്‍ കൈമാറുകയും അവരില്‍ നിന്ന് 2.4 മില്യണ്‍ വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍റ് വാങ്ങിക്കുകയും ചെയ്തു. അക്കൌണ്ട് വിവരങ്ങള്‍, മേല്‍വിലാസം വരുമാനം അടക്കമുള്ള വിവരങ്ങള്‍ ആണ് കൈമാറിയത്.