India

ഗിനിയയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസർ അറസ്റ്റിൽ; സംഘത്തിനെ നൈജീരിയയിൽ എത്തിക്കാൻ നടപടി

എക്വറ്റോറിയൽ ഗിനിയൻ നാവികസേനയുടെ തടവിലുള്ള മലയാളികളടങ്ങിയ സംഘത്തിനെ നൈജീരിയയിൽ എത്തിക്കാൻ നടപടി തുടങ്ങി. ചീഫ് ഓഫീസറായ മലയാളി സനു ജോസിനെ അറസ്റ്റ് ചെയ്ത് ഗിനിയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാർ ആവശ്യപ്പെടുന്നത്.

ഇരുപത്തിയാറ് അംഗങ്ങളുള്ള കപ്പലിൽ നിന്ന് ഒരാളെ മാത്രമാണ് എക്വറ്റോറിയൽ ഗിനിയയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. മലയാളിയായ ചീഫ് ഓഫീസർ സനു ജോസിനെ ഗിനിയൻ സേന അറസ്റ്റ് ചെയ്തു.
യുദ്ധക്കപ്പലിനെ പിന്തുടർന്ന് നൈജീരിയയിലേക്ക് എത്തണമെന്നാണ് പിടിയിലായ കപ്പലിലുള്ളവർക്ക് സൈന്യം നൽകിയിരിക്കുന്ന നിർദേശം. എന്നാൽ എൻജിൻ തകരാറുമൂലം കപ്പൽ മുന്നോട്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

കപ്പൽ ഉടൻ എടുത്തില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് ഗിനിയൻ സേനയുടെ ഭീഷണിയുണ്ടെന്ന് സംഘം പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും എംബസിയും ഇക്കാര്യത്തിൽ ഇടപെടൽ ആരംഭിച്ചെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തുൾപ്പെടെ ഇരുപത്തിയാറ് പേരാണ് ഗിനിയൻ നാവികസേനയുടെ പിടിയിലുള്ളത്.