India National

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും

റിസര്‍വേഷന്‍ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍. കേരളത്തില്‍ ജനശതാബ്ദി ഉള്‍‌പ്പെടെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച മുതല്‍

ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ്പ്രസുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടി തുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും.

കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രാ വണ്ടികളായ നിസാമുദിൻ – എറണാകുളം മംഗള എക്സ്പ്രസ്, മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം – കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചർച്ചചെയ്താണ് റെയിൽവേ തീരുമാനമെടുത്തത്.

രാജ്യത്താകമാനം 200 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം. റിസർവേഷൻ മാത്രമുള്ള ട്രെയിനുകൾക്കാണ് അനുമതി. ജനറൽ കോച്ചുകളിൽ സിറ്റിംഗ് സീറ്റുകൾക്കു വേണ്ടി റിസർവേഷൻ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കൻഡ് ക്ലാസിന് തുല്യമായിരിക്കും. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. 30 ദിവസം മുമ്പ് വരെ ടിക്കറ്റ് മുൻകൂർ റിസർവ് ചെയ്യാം.

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാർസൽ ആയി മാത്രം നൽകും. എന്നാൽ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകൾ, മെഡിക്കൽ ഷോപ്പുകൾ, മറ്റ് സ്റ്റാളുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാർസൽ ആയി മാത്രം നൽകും. എന്നാൽ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകൾ, മെഡിക്കൽ ഷോപ്പുകൾ, മറ്റ് സ്റ്റാളുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളും തിങ്കളാഴ്ച മുതൽ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വിമാന കമ്പനികളോട് കേന്ദ്ര വ്യോമയാന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രമുഖ വിമാനകമ്പനി പ്രതിനിധികളുടെ യോഗം സിവിൽ ഏവിയേഷൻ വകുപ്പ് വിളിച്ചുചേർത്തിട്ടുണ്ട്. ലോക്ക്ഡൗണിന്‍റെ ഭാഗമായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലെ നിരോധിത പട്ടികയിൽനിന്ന് ആഭ്യന്തര വിമാന യാത്രക്കാരെ ഒഴിവാക്കിയിരുന്നു.

പുതിയ തീരുമാനപ്രകാരം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ തുടങ്ങുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിട്ടുള്ളത്. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. യാത്രക്കാരുടെ സഞ്ചാരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും വ്യോമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.