India National

ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നേവി

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ. ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിനാഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ റാങ്കുകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ എപ്പൗലെറ്റുകൾ നൽകുക.

ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈൻ ആയിരിക്കും ഇനിമുതൽ നാവികസേന ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളെന്ന് നാവികസേനാ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ച കൊളോണിയൽ പാരമ്പര്യത്തിലുള്ള നെൽസൺസ് റിംഗ് ആയിരുന്നു ഇതുവരെ ഇന്ത്യൻ നാവികസേനയുടെ അടയാളമായി ഉപയോഗിച്ചിരുന്നത്.