India National

വ്യോമസേനാ ദിനാഘോഷത്തില്‍ ശ്രദ്ധേയമായി റഫാല്‍ യുദ്ധ വിമാനങ്ങള്‍: വീഡിയോ

ഇന്ത്യന്‍ വ്യോമസേനാ ദിനാഘോഷത്തില്‍ ശ്രദ്ധ നേടി റഫാല്‍ യുദ്ധ വിമാനങ്ങള്‍. 88-ാമത് വ്യോമസേനാ ദിനമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്. സേനയില്‍ പുതുമുഖമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ തന്നെയാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണവും. ഡല്‍ഹിക്ക് സമീപത്തുള്ള ഹിന്‍ഡോണ്‍ വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനവും പ്രദര്‍ശനവും.

അടുത്തകാലത്തായി വ്യോമസേനയുടെ ഭാഗമായതാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍. ചൈനയുമായി സംഘര്‍ഷം തുടരുന്ന ഘട്ടത്തില്‍ സെപ്റ്റംബര്‍ പത്തിനാണ് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകുന്നത്. റഫാലിന് പുറമെ ജഗ്വാര്‍, മിഗ് 29, മിഗ് 21, സുഖോയ് 30, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനവും നടന്നു വ്യോമസേനാ ദിനത്തില്‍.

വ്യോമസേനാ യോദ്ധാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ‘ധീരരായ എല്ലാ ഇന്ത്യന്‍ വ്യോമസേനാ യോദ്ധാക്കള്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ രാജ്യത്തിന്റെ ആകാശം സുരക്ഷിതമായി സൂക്ഷിക്കുന്നു. അതോടൊപ്പം ദുരന്ത സമയങ്ങളില്‍ സേവനത്തിന്റെ ഭാഗമാകുന്നു. നിങ്ങളിലെ ധൈര്യവും അര്‍പ്പണബോധവും രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും പ്രചോദനം പകരുന്നതാണ്.’ പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു.