രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി. രാജ്യത്തിന്റെ ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും അംബാനി പറഞ്ഞു. ഫേസ്ബുക് മേധാവി മാർക് സക്കർബർഗുമായി നടത്തിയ ഫയർ സൈഡ് ചാറ്റിലാണ് ഓയിൽ-ടു- റീട്ടെയിൽ-ടു ടെലികോം കോൺഗ്ലോമെറേറ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.
“അമ്പത് ശതമാനത്തോളം വരുന്ന ഇന്ത്യയിലെ മധ്യവർഗം ഓരോ വർഷവും മൂന്ന് മുതൽ നാല് ശതമാനം വരെ വളർന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെ നേത്രത്വത്തിൽ രാജ്യം ഒരു പ്രീമിയർ ഡിജിറ്റൽ സമൂഹമായി മാറുകയാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. 1800 -2000 ഡോളർ നിരക്കിൽ നിന്ന് രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം 5000 ഡോളറിലേക്ക് ഉയരും.” അംബാനി പറഞ്ഞു. വരാഞ്ഞിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനനത്തിന്റെ ഭാഗമായി തുടരാൻ ഫേസ്ബുക്കിനും മറ്റ് ലോക സംരംഭകർക്കും ഇന്ത്യയിൽ സുവർണാവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.