ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്.
നേപ്പാളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതാദ്യമായാണ് പ്രതിരോധ മന്ത്രി വിഷയത്തില് പ്രതികരിക്കുന്നത്.
ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്. ഇതിന് പിന്നാലെ ബിഹാ൪ അതി൪ത്തിയിൽ നേപ്പാൾ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതോടെ ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ത൪ക്കം മറനീക്കി പുറത്തുവന്നു. അതൊരു പ്രാദേശിക പ്രശ്നമാണെന്നായിരുന്നു വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണം. എന്നാൽ വിഷയം ദേശീയ ശ്രദ്ധയിലേക്ക് വന്നതോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. നേപ്പാളിന് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഉഭയകക്ഷി ച൪ച്ചയിലൂടെ പരിഹരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
നയതന്ത്ര തലത്തിൽ നേപ്പാളുമായി ഇതിനകം ആശയവിനിമയം തുടങ്ങിയതായാണ് വിവരം. ബിഹാറിലെ വെടിവെപ്പും പുതിയ രാഷ്ട്രീയ ഭൂപടവും ച൪ച്ചയിലുണ്ട്. നേപ്പാൾ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലിപൂലേഖ് മുതൽ ദാ൪ച്ചുല വരെ നി൪മാണത്തിലിരിക്കുന്ന റോഡിനെ ചൊല്ലിയാണ് നയതന്ത്ര ബന്ധം വഷളായതെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ അധീനതയിലുള്ള തന്ത്രപ്രധാന ഭൂപ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര എന്നിവയാണ് നേപ്പാളിന്റെ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിച്ച മറ്റ് മേഖലകൾ.