India National

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടായതു കൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്’; മോദി സർക്കാറിനോട് ശിവസേന

മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി.

പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ പരമാവധി രാജ്യങ്ങളുടെ സഹായം വേണമെന്നാണ് അവർ പറയുന്നത്. അയൽരാജ്യമായ ബംഗ്ലാദേശ് പതിനായിരം റെഡെസിവിർ മരുന്നുകളാണ് അയച്ചത്. ഭൂട്ടാൻ മെഡിക്കൽ ഓക്‌സിജൻ അയച്ചു. നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളെല്ലാം ‘ആത്മനിർഭർ’ ഇന്ത്യയിലേക്ക് സഹായങ്ങൾ അയച്ചു’ – സാംന ചൂണ്ടിക്കാട്ടി.

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ അതിജീവിക്കുന്നത്. ധാരാളം ദരിദ്രരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ, പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാഷ്ട്രങ്ങളാണ് മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നത്. ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ മൂലമാണ് രാജ്യം ഇപ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം അനുഭവിക്കുന്നത്’ – സേന കുറ്റപ്പെടുത്തി.

ദരിദ്രരാജ്യങ്ങൾ ഇന്ത്യയെ അവർക്കാകും വിധം സഹായിച്ചു കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുമായി മുമ്പോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അതവഗണിച്ചു. ബംഗാളിൽ മമത ബാനർജിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ് കേന്ദ്രം ശ്രദ്ധിച്ചത്- സാംന ചൂണ്ടിക്കാട്ടി. ‘പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പിവി നരസിംഹറാവു, ഡോ മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറുകൾ കൊണ്ടുവന്ന വികസന പദ്ധതികളോടാണ് നന്ദി പറയേണ്ടത്’ – മുഖപ്രസംഗം എഴുതി.