India National

കോവിഡ് 19; 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു, രാജസ്ഥാനിൽ ഒരാൾ നിരീക്ഷണത്തിൽ

രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. രാജസ്ഥാനിലെത്തിയ ഇറ്റാലിയന്‍ വിനോദസഞ്ചാരിയെ കൊറോണ വൈറസ് ബാധാ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അന്തിമ പരിശോധനാഫലം ഇന്നു വന്നേക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഒരിടവേളയ്ക്കുശേഷം കൊറോണ വൈറസ് ബാധയുടെ ആശങ്കയിലാണ് രാജ്യം. കേരളത്തിൽ നേരത്തെ സ്ഥിരീകരിച്ച മൂന്നു പേർക്ക് പുറമേ ഡൽഹിയിലും തെലങ്കാനയിലും ഓരോരുത്തർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് രാജസ്ഥാനിൽ നിന്നുള്ള റിപ്പോർട്ട് വന്നത്. കഴിഞ്ഞ 29നാണ് ഇറ്റാലിയൻ സഞ്ചാരി ജയ്പൂരിൽ എത്തിയത്. തെർമൽ സ്ക്രീനിങ്ങിലും രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവ് ആയിരുന്നു ഫലം. എന്നാൽ ആദ്യ പരിശോധനയിൽ നെഗറ്റീവായി .

ഇതേ തുടർന്ന് വീണ്ടും വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചിരിക്കുകയാണ്. ഇയാളെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപുറമെ 23 സാമ്പിളുകളാണ് പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂർ, ചൈന, കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. 21വിമാനത്താവളങ്ങൾ അടക്കമുള്ള പൊതു ഇടങ്ങളിൽ പരിശോധന ശക്തമാക്കി.