India National

യു.എന്നിലെ കശ്മീർ പരാമർശം: ഉർദുഗാന് ശക്തമായ മറുപടിയുമായി ഇന്ത്യ

ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി

ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കശ്മീർ സംബന്ധിച്ച് പരാമർശം നടത്തിയ തുർക്കി പ്രസിഡണ്ട് ത്വയ്യിബ് ഉർദുഗാനെതിരെ ഇന്ത്യ. ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു.

കശ്മീർ പ്രശ്‌നം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നപരിഹാരം ദക്ഷിണേഷ്യയുടെ സമാധാനത്തിന് അനിവാര്യമാണെന്നുമായിരുന്നു യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ ഉർദുഗാൻ പറഞ്ഞത്. കശ്മീരികളുടെ അഭിപ്രായം കൂടി മുഖവിലക്കെടുത്ത് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് തങ്ങളുടേതെന്നും തുർക്കി പ്രസിഡണ്ട് പറഞ്ഞു.

ഉർദുഗാന് പിന്തുണയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രംഗത്തുവന്നിരുന്നു. കശ്മീരി ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനുള്ള പോരാട്ടത്തിന് കരുത്തേകുന്നതാണ് തുർക്കിയുടെ നിലപാട് എന്നായിരുന്നു ഇംറാന്റെ പ്രതികരണം.