രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ചട്ടത്തിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ഇത് കരട് നിയമം മാത്രമാണ്, അന്തിമ ചട്ടം പൊതുജനാഭിപ്രായം തേടിയ ശേഷമായിരിക്കും ഉണ്ടാകുക. അടുത്ത മാസം അഞ്ചുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
ജമ്മു കശ്മീരലടക്കം ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോഴാണ് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
തീരെ ചെറിയ ഡ്രോണുകൾക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോൺ ഉപയോഗത്തിനും ലൈസൻ ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്. എന്നാൽ രണ്ട് കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. പത്ത് വർഷമായിരിക്കും ലൈസൻസ് കാലാവധി.