കശ്മീരിലെ സൈനിക ‘അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍’ക്കുമെതിരെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി.
യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ ചേര്‍ന്ന ഒ.ഐ.സിയുടെ 46ാം വിദേശകാര്യ മന്ത്രിതല സമ്മേളനം കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരത’യെയും ജനങ്ങളെ ‘കൂട്ടമായി അന്ധന്മാരാക്കുന്ന’ പെല്ലറ്റ് ആക്രമണത്തെയും അപലപിച്ച് പാസാക്കിയ പ്രമേയമാണ് ശക്തമായ പ്രതിഷേധത്തോടെ ഇന്ത്യ തള്ളിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
ശനിയാഴ്ച ഒ.ഐ.സി സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ അബൂദബി പ്രഖ്യാപനത്തിനു പുറമെ കശ്മീര്‍ വിഷയത്തില്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തില്‍ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ രൂക്ഷമായ പ്രയോഗങ്ങളാണ് നടത്തിയത്. ‘ഇന്ത്യന്‍ അധിനിവേശ സേനയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ വര്‍ധിച്ചതായി’ കുറ്റപ്പെടുത്തുന്നുണ്ട്. കശ്മീരി ജനതക്കുള്ള ജീവകാരുണ്യ സഹായത്തിന് ഫണ്ട് സ്വരൂപിക്കാന്‍ പ്രമേയം അംഗരാജ്യങ്ങേളാട് ആഹ്വാനം ചെയ്തു. നിലവില്‍ ഉഭയകക്ഷി സംഭാഷണമില്ലാതിരുന്നിട്ടും ‘ഇന്ത്യപാക് സമാധാന പ്രക്രിയ’യെക്കുറിച്ച് ഒ.ഐ.സി പതിവില്ലാതെ പരാമര്‍ശിക്കുന്നു.
ജമ്മുകശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് ഉറച്ചതും സുവ്യക്തവുമാണെന്ന് വിദേശ മന്ത്രാലയം വക്താവ് വ്യക്തമാക്കി. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ക്ഷണിച്ചത് അഭിനന്ദനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ.ഐ.സി സമ്മേളനത്തില്‍ ഇതാദ്യമായി ഇന്ത്യയെ പ്രത്യേക ക്ഷണിതാവായി പെങ്കടുപ്പിച്ചതിനു പിറകെയാണ് സമ്മേളനത്തിന്റെ പ്രമേയം പുറത്തുവരുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്ത്രി, പാകിസ്താനെ പേരെടുത്തു പറയാതെ ഭീകരതയെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു.എ.ഇ പ്രത്യേക താല്‍പര്യമെടുത്ത് ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു പാകിസ്താന്‍.
ആദ്യമായി ഇന്ത്യക്ക് സമ്മേളനത്തിന് ക്ഷണം ലഭിച്ചത് നേട്ടമായി എടുത്തുകാട്ടിയ മോദിസര്‍ക്കാറിനെയും ബി.ജെ.പിയെയും ഒ.ഐ.സി പ്രമേയം എടുത്തുകാട്ടി കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നു. മോദി സര്‍ക്കാറിന്റെ നയതന്ത്ര വിജയം കനത്ത തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി.
അസ്വീകാര്യവും നിന്ദാപരവുമായ ആരോപണങ്ങള്‍ ഏറ്റുവാങ്ങാനാണോ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിയെ ഒ.ഐ.സിയിലേക്ക് അയച്ചതെന്ന് സുര്‍ജെവാല ചോദിച്ചു. എന്‍.ഡി.എ ബി.ജെ.പി സര്‍ക്കാര്‍ ക്ഷണം വലിയ വിജയമായി ആഘോഷിക്കുന്നതിനിടയിലാണ് ഇന്ത്യയെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന പ്രമേയം പാസാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും വിമര്‍ശിച്ചു.
ഒ.ഐ.സി സമ്മേളനം ഇനിയും ഇന്ത്യയുടെ നയതന്ത്ര വിജയമായി പ്രധാനമന്ത്രിയും വിദേശമന്ത്രിയും കരുതുന്നുണ്ടോ എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യമെന്ന് തിവാരി പറഞ്ഞു.