India National

ട്രിപ്പിള്‍ ലോക്ഡൌണ്‍: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആകെ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഏഴ് ലക്ഷത്തിലേക്കും മരണം ഇരുപതിനായിരത്തിലേക്കും അടുക്കുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷവും കടന്നു.

രാജ്യത്ത് കോവിഡ് ബാധ സങ്കീർണ്ണമായി തുടരുകയാണ്. ആകെ രോഗബാധിതർ 6,97069 ആയി. മരണസംഖ്യ 19,699ഉം. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,52402 ആണ്. 4,24,885 പേർക്കാണ് അസുഖം ഭേദമായത്. രോഗമുക്തി നിരക്ക് 61 ശതമാനമായി ഉയർന്നു.

മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 6555 പുതിയ കേസുകളടക്കം മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകൾ 2,06619ഉം പുതിയ 151 മരണമടക്കം ആകെ മരണം 8,822 ഉം ആയി. പുതിയ പതിനെട്ട് മരണങ്ങളടക്കം ഗുജറാത്തിലെ കോവിഡ് മരണങ്ങൾ രണ്ടായിരത്തോടടുക്കുകയാണ്.

പ്രതിരോധ പ്രവര്‍ത്തനത്തിൽ മുൻനിരയിലുള്ള പൊലീസിലും വിവിധ സേന വിഭാഗങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. ബിഎസ്എഫ്, ഐടിബിപി സേനാ വിഭാഗങ്ങളിലായി 54 പേ൪ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കോവിഡ് ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. 99, 444 കോവിഡ് കേസുകളാണ് ഇതിനകം റിപ്പോ൪ട്ട് ചെയ്തത്. മരണം 3067ഉം. രാജ്യത്തെ വിവിധ ജയിലുകളിലും കോവിഡ് ബാധ തുടരുകയാണ്. പഞ്ചാബ് ലുധിയാനയിലെ സെൻട്രൽ ജയിലിൽ ഇന്നലെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.